Wednesday, November 6, 2013

പുഷ്പാഞ്ജലി

ദ്രംഷ്ട മറച്ച് ചിരിക്കുന്ന വര്‍ത്തമാനമേ 
നീ കുടിലത വെളുപ്പില്‍  ചാലിച്ച ഇന്നിന്‍റെ ആത്മാവ് ..
ഇവിടെ നീ തേടുന്നതൊരു നഗ്നതയാണേല്‍ 
ഞാനിവിടെ അര്‍പ്പിക്കുന്നു നിന്റെ തിരുരൂപത്തിലൊരു
പുഷ്പാഞ്ജലി
പേര് : സ്ത്രീ        ; ജന്മനക്ഷത്രം : ?
പോക്കിള്‍ക്കൊടി മാറ്റി ചവറിലെറിഞ്ഞവരിവിടെ
ഉണ്ടായിരുന്നേല്‍ പറയാമായിരുന്നു 
ഈ പെണ്‍കൊടിയുടെത് അസുരഗണമോ?
ദേവഗണമോ എന്ന് !..
കര്‍മ്മമില്ലാത്തക്രിയയുടെ ശേഷക്രിയ ചെയ്യാന്‍ 
വര്‍ത്തമാനമേ നിനക്കൊരവസരം..
അഗ്നിയില്‍ ഹോമിച്ച് ശുദ്ധിവരുത്തുവാന്‍ 
അവള്‍ക്കൊരവസരം നീ ഏകുമോ? 

                                                ഭ്രഷ്ട്


ചിത്തഭ്രമം ബാധിച്ച തെക്കിനിയുടെ 
മതിലുകള്‍ 
താലിപൊട്ടിയ ബ്രാഹ്മണ്യത്തെ എതിരേറ്റു..
ശൂഭ്രത അവളെ നോക്കി ആര്‍ത്തട്ടഹസിച്ചു...
നാലുകെട്ടവളുടെ സ്വപ്നങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു ..
ചിതയില്‍ കത്തുന്ന ചന്ദനമുട്ടികള്‍ മാത്രമവളെ 
നോക്കി വിതുമ്പി ..
ആള്‍ക്കൂട്ടം പുലമ്പി ..."സര്‍വ്വം അഗ്നിക്കിരയാവട്ടെ !".
ചാരമാകുന്നകബന്ധത്തിനോപ്പമവര്‍ അവളെ ശുദ്ധീകരിച്ചു ..
അവളുടെ ഉദരത്തിലെ ചെറുചലനത്തെ 
ആചാരങ്ങള്‍ തിരിച്ചറിഞ്ഞില്ല ..!
അവള്‍ പറഞ്ഞുമില്ല ..
അഗ്നിയെ പുനര്‍ന്നവള്‍ പൊട്ടിച്ചിരിച്ചു ...